Sunday, September 7, 2008

2008 സെപ്റ്റംബര്‍ ആദ്യ വാരത്തിലെ മാര്ക്സിസ്റ്റ് അക്രമവാര്ത്തകള്‍

02/09/08


(1)ഡി.വൈ.എഫ്.ഐ യോഗത്തില്‍ സി.പി.എം നേതാക്കള്‍ക്ക് മര്‍ദനം.


ചേര്‍ത്തല: ഡി.വൈ.എഫ്.ഐ യോഗത്തില്‍ അടിപിടി. സി.പി.എം ബ്രാന്ച്ച് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്ക് മര്ദനമേറ്റ്. ഡി.വൈ.എഫ്.ഐ പള്ളിപ്പുറം വടക്കു മേഖല സമ്മേളനത്തിനിടെയാണ് സംഘട്ടനം ഉണ്ടായത്.


സി.പി.എം ലോക്കല്‍ സെക്രട്ടറി നിര്‍ദേശിച്ച ആളെ സെക്രട്ടരിയക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കങ്ങളാണ് കയ്യേറ്റത്തില്‍ കലാശിച്ചത്. സെക്രട്ടറി നിര്‍ദേശിച്ച ആളെ അംഗീകരിക്കാന്‍ ഭൂരിഭാഗവും സമതിച്ചില്ല. തുടര്‍ന്നത് തമ്മിലടിച്ചത്.


03/09/08


പോളിയിലെ സംഘര്‍ഷം: ഒരാള്‍ അറസ്റ്റില്‍


ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ഗവ. പോളിടെക്‌നിക്കില്‍ എ.ബി.വി.പി-എസ്‌.എഫ്‌.ഐ. വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ എസ്‌.എഫ്‌.ഐ. വിദ്യാര്‍ഥി കിരണിനെ വാളുകൊണ്ട്‌ വെട്ടി പരിക്കേല്‌പിച്ചെന്ന കേസില്‍ എ.ബി.വി.പി. വിദ്യാര്‍ഥി വെട്ടുകാട്‌ സ്വദേശി മിഥുനി (19) നെ ആറ്റിങ്ങല്‍ പോലീസ്‌ അറസ്റ്റുചെയ്‌തു.


എന്നാല്‍ സംഘര്‍ഷത്തെത്തുടര്‍ന്ന്‌ നടന്ന ഒത്തുതീര്‍പ്പ്‌ ചര്‍ച്ചകളില്‍ കേസുകള്‍ പിന്‍വലിക്കാമെന്ന്‌ എസ്‌.എഫ്‌.ഐ യും പോളി അധികൃതരും നല്‍കിയ ഉറപ്പ്‌ ലംഘിച്ചതായും എ.ബി.വി.പി. പ്രവര്‍ത്തകനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റുചെയ്‌തതിലും പ്രതിഷേധിച്ച്‌ ഗവ. പോളിയില്‍ എ.ബി.വി.പിയുടെ നേതൃത്വത്തില്‍ ബുധനാഴ്‌ച മുതല്‍ അനിശ്ചിതകാല പഠിപ്പുമുടക്ക്‌ നടത്തുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.


എ.ബി.വി.പി. പ്രവര്‍ത്തകരെ മര്‍ദ്ദിച്ച വിച്ചുമോഹന്‍, വിഷ്‌ണുചന്ദ്രന്‍ എന്നിവരെ സസ്‌പെന്‍ഡ്‌ ചെയ്യുന്നതുവരെ സമരം തുടരുമെന്നും ഇവര്‍ അറിയിച്ചു.


04/09/08


(1) ശ്രീകണ്ടപുരത്ത് സി.പി.എം - ലീഗ് സംഘര്‍ഷം


ശ്രീകണ്ടപുരം : എ. ഇ.എസ് കോളേജില്‍ ഉണ്ടായ ഒറ്റപ്പെട്ട അക്രമസംഭവത്തിനു തുടര്‍ച്ചയായി ശ്രീകണ്ടപുരത്ത് സി.പി.എം - ലീഗ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലും കല്ലേറിലും വ്യാപകമായ നാശനഷ്ടമുണ്ടായി.
ഏഴ് ലീഗ് പ്രവര്‍ത്തകര്‍ക്കും നാള് സി.പി.എം പ്രവര്‍ത്തകര്‍ക്കും രണ്ടു മാധ്യമ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. ബസ് കാത്തു നില്‍ക്കുകയായിരുന്ന നിരവധി പേര്ക്ക് പരുക്കേറ്റു.


05/09/08


(1) തിരൂര്‍ പോളിയില്‍ സംഘര്‍ഷം; കോളേജ്‌ ഓണാവധിക്ക്‌ പൂട്ടി രണ്ടുപേര്‍ക്ക്‌ പരിക്ക്‌


തിരൂര്‍: തിരൂര്‍ പോളിടെക്‌നിക്കില്‍ നടന്ന സംഘര്‍ഷത്തില്‍ രണ്ട്‌ ഹോസ്റ്റല്‍ അന്തേവാസികള്‍ക്ക്‌ പരിക്കേറ്റു. ഹോസ്റ്റലിലെ സാധനസാമഗ്രികള്‍ പുറമെനിന്നെത്തിയ സംഘം നശിപ്പിച്ചു. ഇതുമൂലം പ്രിന്‍സിപ്പല്‍ ഓണാവധിക്ക്‌ മുമ്പുതന്നെ കോളേജിന്‌ അവധി പ്രഖ്യാപിച്ചു. എസ്‌.എഫ്‌.ഐ പ്രവര്‍ത്തകനായ മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥി മൊഹസിനെ പ്രിന്‍സിപ്പലിനോട്‌ അപമര്യാദയായി പെരുമാറി എന്ന കാരണത്താല്‍ ബുധനാഴ്‌ച സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു. ഇതില്‍ പ്രതിഷേധിച്ച്‌ എസ്‌.എഫ്‌.ഐ കോളേജില്‍ വ്യാഴാഴ്‌ച മുതല്‍ അനിശ്ചിതകാല പഠിപ്പുമുടക്ക്‌ പ്രഖ്യാപിച്ചിരുന്നു.


കോളേജിനകത്തു കയറി സമരംചെയ്യാന്‍ അനുവാദമില്ലാത്തതിനാല്‍ രാവിലെ ഒമ്പതുമണിക്ക്‌ എസ്‌.എഫ്‌.ഐക്കാര്‍ പ്രധാന കവാടം പൂട്ടി. എന്നാല്‍ മിക്ക വിദ്യാര്‍ഥികളും ഇതിനു മുമ്പുതന്നെ കോളേജില്‍ എത്തിയിരുന്നതിനാല്‍ ക്ലാസ്സുകള്‍ സുഗമമായി നടന്നു. സംഘര്‍ഷം ഒഴിവാക്കാന്‍ 12.30ന്‌ ക്ലാസ്‌വിട്ട്‌ കോളേജിന്‌ ഓണാവധി പ്രഖ്യാപിക്കുകയായിരുന്നു പ്രിന്‍സിപ്പല്‍. വിദ്യാര്‍ഥികള്‍ പുറത്തുവന്നതോടെയാണ്‌ സംഘര്‍ഷം ആരംഭിച്ചത്‌. സംഘര്‍ഷത്തെത്തുടര്‍ന്ന്‌ ഹോസ്റ്റലിലേക്ക്‌ ഓടിക്കയറിയ അന്തേവാസികളായ ജിജോ ജേക്കബ്‌(19), ശരത്‌കുമാര്‍ (18) എന്നിവര്‍ക്കാണ്‌ മര്‍ദനമേറ്റത്‌. ഹോസ്റ്റലിലെ വാട്ടര്‍കൂളര്‍, മുറികളുടെ വാതിലുകള്‍, പുറത്തുവെച്ചിരുന്ന മോട്ടോര്‍ ബൈക്ക്‌ എന്നിവയും പുറമെ നിന്നെത്തിയ അക്രമികള്‍ തകര്‍ത്തു. സംഘര്‍ഷം കണക്കിലെടുത്ത്‌ പോലീസ്‌ നേരത്തെ സ്ഥലത്തെത്തിയിരുന്നെങ്കിലും ആദ്യം കാഴ്‌ചക്കാരായി നിന്നുവെന്ന്‌ ആരോപണമുണ്ട്‌. തുടര്‍ന്ന്‌ തിരൂര്‍ സി.ഐ മോഹനചന്ദ്രനും മറ്റും എത്തിയാണ്‌ സംഘര്‍ഷത്തിന്‌ അയവുവരുത്തിയത്‌.


(2) യൂത്ത്‌ലീഗ്‌ നേതാവിനെതിരെ അക്രമം


ഉദുമ: ഉദുമ മണ്ഡലം യൂത്ത്‌ലീഗ്‌ പ്രസിഡന്റ്‌ കെ.ബി.എം.ഷെരീഫിനെ ഒരുസംഘം ആളുകള്‍ ചേര്‍ന്ന്‌ ആക്രമിച്ചു. കാറില്‍ പോവുവകയായിരുന്ന ഷെരീഫിനെ ആക്രമിക്കുകയായിരുന്നു. പരിക്കുകളോടെ ഷെരീഫിനെ കാസര്‍കോട്ടെ സ്വകാര്യ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്‌ച രാത്രി എട്ടരയോടെയാണ്‌ സംഭവം. കാറും തകര്‍ത്തു. അക്രമത്തിനുപിന്നില്‍ സി.പി.എം.പ്രവര്‍ത്തകരാണെന്ന്‌ യൂത്ത്‌ലീഗ്‌ ആരോപിച്ചു. ഉദുമയില്‍ കടക്കുനേരെ കല്ലേറുമുണ്ടായി.


06/09/08


(1) പിയേഴ്‌സന്റെ മകനെ റാഞ്ചിയ കേസ്‌: സി.പി.എം. നേതാവും സംഘവും അറസ്‌റ്റില്‍


തൊടുപുഴ: ഇടതുപക്ഷ രാഷ്‌ട്രീയനിരീക്ഷകന്‍ എന്‍.എം. പിയേഴ്‌സന്റെ മകന്‍ ശ്യാംപ്രസാദിനെ തട്ടിക്കൊണ്ടുപോയ കേസില്‍ സി.പി.എം. ബ്രാഞ്ച്‌ സെക്രട്ടറി ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്‌റ്റില്‍. സി.പി.എം. പറയകാട്‌ ബ്രാഞ്ച്‌ സെക്രട്ടറി ചെറുമണത്തല പൊന്നപ്പന്‍ (39), നോര്‍ത്ത്‌ പറവൂര്‍ പള്ളത്തുവീട്ടില്‍ ജയിന്‍ (40), നോര്‍ത്ത്‌ പറവൂര്‍ ചെറിയപള്ളംതാഴത്ത്‌ കുഴിപ്പള്ളി വീട്ടില്‍ ലിജു (33), കൂത്താട്ടുകുളം വെളിയന്നൂര്‍ കൈതമറ്റത്തില്‍ ജോസന്‍ (37), നെടുങ്കണ്ടം നിര്‍മലാപുരം പുതുവന്‍പുത്തന്‍വീട്ടില്‍ വിനോദ്‌ (29) എന്നിവരാണു പിടിയിലായത്‌.


ഒളിവിലുള്ള മൂന്നുപേരെക്കൂടി ഉടന്‍ അറസ്‌റ്റ് ചെയ്യുമെന്നു തൊടുപുഴ ഡിവൈ.എസ്‌.പി: കെ.ജി. സൈമണ്‍ പറഞ്ഞു. കഴിഞ്ഞ 28-നു രാത്രി എട്ടരയോടെയാണ്‌ ഇടുക്കി എന്‍ജിനീയറിംഗ്‌ കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥി ശ്യാംപ്രസാദിനെ 30 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു തട്ടിക്കൊണ്ടുപോയത്‌. പിറ്റേന്നു പുലര്‍ച്ചെ മോചിപ്പിക്കുകയും ചെയ്‌തു. പിയേഴ്‌സനു ലഭിച്ച ഫോണ്‍സന്ദേശങ്ങളുടെ അടിസ്‌ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണു പ്രതികളെ കുടുക്കിയത്‌.സംഭവത്തേക്കുറിച്ചു പോലീസിന്റെ വിശദീകരണമിങ്ങനെ: പിയേഴ്‌സനും മുഖ്യപ്രതി ജയിനും അടുത്ത സുഹൃത്തുക്കളായിരുന്നു.


പിയേഴ്‌സണ്‍ ചെയര്‍മാനായ ജനവേദി സൊസൈറ്റിയില്‍നിന്നു ജയിന്റെ അനുജന്‍ വായ്‌പയെടുത്തിരുന്നു. അമ്മയുടെ പേരിലുള്ള ചെക്കാണ്‌ ഈടു നല്‍കിയിരുന്നത്‌. വായ്‌പ തിരിച്ചടയ്‌ക്കാത്തതിനേത്തുടര്‍ന്നു നല്‍കിയ രണ്ടര ലക്ഷത്തിന്റെ ചെക്ക്‌ കേസില്‍ പിയേഴ്‌സന്‌ അനുകൂലമായ വിധിയുണ്ടായി. കേസ്‌ ഒത്തുതീര്‍പ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഒരുവര്‍ഷം മുമ്പു നിരവധി തവണ ജയിന്‍ പിയേഴ്‌സനെ സമീപിച്ചെങ്കിലും വഴങ്ങിയില്ല. ഇതിനിടെ ജയിനും വിനോദും ലിജുവും അംഗമായിരുന്ന മണിചെയിന്‍ കമ്പനി തകര്‍ന്നു. പിന്നീട്‌ ഇവര്‍ ബജാജ്‌ അലയന്‍സ്‌ കമ്പനിയില്‍ ചേര്‍ന്നെങ്കിലും സാമ്പത്തികബാധ്യതയില്‍നിന്നു കരകയറാനായില്ല. ഇതേത്തുടര്‍ന്നാണ്‌ പിയേഴ്‌സന്റെ മകനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടാന്‍ മൂന്നുമാസം മുമ്പു പദ്ധതിയിട്ടത്‌.


പിയേഴ്‌സന്റെ കൂട്ടുകാരെല്ലാം വന്‍പണക്കാരായതും ജനവേദി സൊസൈറ്റി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതും ശ്രദ്ധിച്ച പ്രതികള്‍ ഇദ്ദേഹത്തിന്റെ പക്കല്‍ ധാരാളം കള്ളപ്പണമുണ്ടെന്ന കണക്കുകൂട്ടലിലാണു പദ്ധതി തയാറാക്കിയത്‌. അതിനായി രത്നകുമാര്‍ എന്ന വ്യാജവിലാസത്തില്‍ ജയിന്‍ സ്വകാര്യ മൊബൈല്‍ഫോണ്‍ കണക്ഷനുകള്‍ സംഘടിപ്പിച്ചു. പിയേഴ്‌സനുമായും പ്രതികള്‍ തമ്മിലും ബന്ധപ്പെട്ടിരുന്നത്‌ ഇതുവഴിയാണ്‌. കട്ടപ്പന സ്വദേശി സാബു എന്നു പരിചയപ്പെടുത്തി പറവൂര്‍ സ്വദേശിയായ വിദ്യാര്‍ഥിക്ക്‌ ഹോസ്‌റ്റല്‍ സൗകര്യം ലഭ്യമാക്കുന്നതു സംബന്ധിച്ച്‌ ശ്യാംപ്രസാദുമായി മൂന്നുമാസം മുമ്പു ജയിന്‍ ബന്ധപ്പെട്ടിരുന്നു. ലിജുവിന്റെ സുഹൃത്ത്‌ ജോസന്‍ വഴി കൂത്താട്ടുകുളത്തുനിന്നു 'കെ.എല്‍. 7 ബി.എ. 7985' വാഗണ്‍ആര്‍ വാടയ്‌ക്കെടുത്തു സംഭവദിവസം ആറരയോടെ വിനോദും മൂന്നു സുഹൃത്തുക്കളും ഇടുക്കിയിലെത്തി. ശ്യാംപ്രസാദിനെ തട്ടിക്കൊണ്ടുപോയി 24 മണിക്കൂര്‍ കസ്‌റ്റഡിയില്‍ വയ്‌ക്കുന്നതിന്‌ അഞ്ചുലക്ഷം രൂപ നല്‍കാമെന്നായിരുന്നു ഇവര്‍ തമ്മിലുള്ള വ്യവസ്‌ഥ. എട്ടുമണിയോടെ കോളജ്‌ ഹോസ്‌റ്റലിലെത്തി ശ്യാമിനെക്കൂട്ടി ചെറുതോണിയിലെത്തി.


ലിജു പിയേഴ്‌സനെ ഫോണില്‍ ബന്ധപ്പെട്ട്‌ മോചനദ്രവ്യം ആവശ്യപ്പെട്ടു. തുടര്‍ന്ന്‌ അണക്കരയിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകല്‍ വാര്‍ത്ത ടിവിയില്‍ കണ്ടു. മോചനദ്രവ്യത്തിനായി ഉപാധിവച്ച 24 മണിക്കൂര്‍ കഴിഞ്ഞതോടെ സംഘം ശ്യാംപ്രസാദിനെ മോചിപ്പിച്ചു. പ്രതികളില്‍ മൂന്നുപേരെ നോര്‍ത്ത്‌ പറവൂരിലുള്ള സ്വന്തം വീടുകളില്‍നിന്നാണ്‌ അറസ്‌റ്റ് ചെയ്‌തത്‌. അന്വേഷണത്തിന്‌ തിരുവനന്തപുരത്തെയും ഇടുക്കിയിലെയും ഹൈടെക്‌ സെല്ലിന്റെ സഹായം ലഭിച്ചു. ഇടുക്കി സി.ഐ. കുര്യാക്കോസ്‌, കഞ്ഞിക്കുഴി സി.ഐ. അനില്‍ ശ്രീനിവാസന്‍, ഇടുക്കി എസ്‌.ഐ. വിക്രമന്‍ എന്നിവരും അന്വേഷണത്തിനു നേതൃത്വം നല്‍കി.


07/09/08


(1) ചന്ദനക്കടത്ത്‌; സി.പി.എം. ബ്രാഞ്ച്‌ സെക്രട്ടറി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍


മൂന്നാര്‍: നിരവധി ചന്ദനമോഷണക്കേസുകളില്‍ പ്രതിയായ സി.പി.എം. പ്രദേശികനേതാവും ആദിവാസിയുമുള്‍പ്പെടെ മൂന്നുപേരെ മറയൂരില്‍ വനപാലകര്‍ അറസ്റ്റുചെയ്‌തു. സി.പി.എം. പട്ടിക്കാട്‌ ബ്രാഞ്ച്‌ സെക്രട്ടറിയും മറയൂര്‍ സി.ഐ.ടി.യു. ഡ്രൈവേഴ്‌സ്‌ യൂണിയന്‍ സെക്രട്ടറിയുമായ കരിമുട്ടി മായാവിലാസം മണികണുന്‍ (36), പാളപ്പെട്ടി ആദിവാസി സെറ്റില്‍മെന്റിലെ താമസക്കാരനും വനംവകുപ്പ്‌ മുന്‍ വാച്ചറുമായ മുരുകേശന്‍ (32), മറയൂര്‍ പട്ടം കോളനി കാജാ ഷെറീഫ്‌ (26) എന്നിവരാണ്‌ പിടിയിലായത്‌. തമിഴ്‌നാട്‌ അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന പാളപ്പെട്ടി, വണ്ണാന്തുറ റിസര്‍വുകളില്‍ നിന്നാണിവര്‍ സ്ഥിരമായി ചന്ദനം വെട്ടിക്കടത്തിയിരുന്നത്‌.


ഇവര്‍വെട്ടുന്ന ചന്ദനമരങ്ങളുടെ കുറ്റിയും വേരുകളും കുടിയിലെ സ്‌ത്രീകളെ ഉപയോഗിച്ച്‌ മാന്തിയെടുത്തും ഇവര്‍ വില്‌പന നടത്തിയിരുന്നു. വനംവകുപ്പ്‌ വാച്ചറായിരുന്ന മുരുകേശന്റെ നേതൃത്വത്തില്‍ എട്ടുവര്‍ഷത്തിനിടെ 80 തവണ ചന്ദനം കടത്തിയതായാണ്‌ ഇവരുടെ മൊഴി. പാളപ്പെട്ടിയില്‍ നിന്നും 4 കി.മീ. കാട്ടിലൂടെ നടന്നാല്‍ തമിഴ്‌നാടതിര്‍ത്തിയിലെത്താം, തളിഞ്ചി സ്വദേശിയും ആദിവാസിയുമായ ദൊരൈയുമായി കൂട്ടുചേര്‍ന്നാണിവര്‍ ചന്ദനം വില്‌പന നടത്തിയിരുന്നത്‌.


ചന്ദനക്കടത്തുമായി ബന്ധപ്പെട്ടിട്ടുള്ള മുഴുവല്‍ പ്രതികളെയും പിടികൂടാന്‍ വനം വകുപ്പ്‌ നീക്കം നടത്തുന്നതറിഞ്ഞ്‌ ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ അഭിഭാഷകനെ കാണാന്‍ പോവുന്നതിനിടെയായിരുന്നു ഈ സംഘം വനപാലകരുടെ വലയിലായത്‌. ഡി.എഫ്‌.ഒ. രാജു ഫ്രാന്‍സീസിന്റെ നിര്‍ദ്ദേശപ്രകാരം ഇരവികുളം വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡന്റെ സഹായത്തോടെ റെയിഞ്ചര്‍മാരായ കെ.വി.ഹരികൃഷ്‌ണന്‍, പയസ്‌, സി.പി.അനീഷ്‌, അനീഷ്‌കുമാര്‍, എസ്‌.ആര്‍.രാധാകൃഷ്‌ണന്‍ എന്നിവരടങ്ങിയ സംഘമാണ്‌ ഇവരെ പിടികൂടിയത്‌.


(2) ഡി.വൈ.എഫ്‌.ഐ. ലോറി തടഞ്ഞതിന്‌ യൂത്ത്‌കോണ്‍ഗ്രസ്സുകാരനെ പ്രതിയാക്കിയെന്ന്‌


രാമങ്കരി: ടിപ്പര്‍ലോറികളുടെ അമിതവേഗം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട്‌ ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകര്‍ ലോറി തടഞ്ഞ്‌ എ.സി.റോഡിലെ രാമങ്കരിയില്‍ ഗതാഗതതടസ്സമുണ്ടാക്കിയതിന്‌ യൂത്ത്‌ കോണ്‍ഗ്രസ്സുകാരന്റെപേരില്‍ കേസെടുത്തതായി ആക്ഷേപം. 2008 മെയ്‌ 28ന്‌ ടിപ്പര്‍ തടഞ്ഞതിന്റെപേരില്‍ മാമ്പുഴക്കരി നീണ്ടിശ്ശേരി ജിതിന്‍ ജോയിയുടെ പേരിലാണ്‌ കേസെടുത്തത്‌.


കഴിഞ്ഞയാഴ്‌ച സമന്‍സ്‌ വന്നപ്പോഴാണ്‌ ജിതിന്‍ വിവരമറിയുന്നത.്‌ മെയില്‍ നഴ്‌സിങ്‌ വിദ്യാര്‍ഥിയായ താന്‍ സ്ഥലത്തില്ലാതിരുന്ന വേളയില്‍ തന്റെ പേരില്‍ കേസെടുത്തെന്നാണ്‌ പരാതി. പോലീസ്‌ സി.പി.എം.കാരുടെ ആജ്ഞാനുവര്‍ത്തികളായി മാറിയതിന്റെ ഉദാഹരണമാണ്‌ ഈ സംഭവമെന്ന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌-ഐ കുട്ടനാട്‌ നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു.

===================================

ആകെത്തുക :- ഈ റിപ്പോർട്ടിനായി കണക്കിലെടുത്ത തുടർച്ചയായ ദിവസങ്ങളുടെ എണ്ണം = ഏഴ്‌

അക്രമവുമായി ബന്ധപ്പെട്ട്‌ കുറഞ്ഞത്‌ ഒരു വാർത്തയെങ്കിലും വന്ന ദിവസങ്ങളുടെ എണ്ണം = ആറ്

ബാക്കി (ഒരു അക്രമവാർത്തപോലും ഇല്ലാതിരുന്ന) ദിവസങ്ങളുടെ എണ്ണം = ഒന്ന് (????????????)

===================================

സെപ്റ്റംബര്‍ രണ്ടാം വാരത്തിലെ  അക്രമവാർത്തകളുടെ സംഗ്രഹവുമായി വീണ്ടും അടുത്തയാഴ്ച.