Sunday, August 17, 2008

2008 ഓഗസ്റ്റ് മൂന്നാം വാരത്തിലെ മാര്‍ക്സിസ്റ്റ് അക്രമവാര്‍ത്തകള്

===================================
15/08/08

===================================
1. ഹോസ്റ്റലില്‍ അക്രമംനടത്തിയവര്‍ക്കെതിരെ കേസെടുക്കണം -എ.ബി.വി.പി.

പാലക്കാട്‌: ബുധനാഴ്‌ചയുണ്ടായ സംഭവങ്ങളുടെ തുടര്‍ച്ചയായി എസ്‌.എഫ്‌.ഐ., ഡി.വൈ.എഫ്‌.ഐ., സി.ഐ.ടി.യു. പ്രവര്‍ത്തകര്‍ വിക്ടോറിയ കോളേജ്‌ ഹോസ്റ്റലില്‍ അക്രമം അഴിച്ചു വിടുകയും പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികളെ മര്‍ദിക്കുകയും ചെയ്തു.

മുറികള്‍ അടിച്ചുതകര്‍ത്ത അക്രമികള്‍ വിദ്യാര്‍ഥികളെ ജാതിപ്പേര്‌ വിളിച്ച്‌ ആക്ഷേപിക്കുകയും റെക്കോഡുകളും സര്‍ട്ടിഫിക്കറ്റുകളും നശിപ്പിക്കുകയും ചെയ്‌തു. മൊബൈല്‍ഫോണുള്‍പ്പെടെയുള്ള പല സാധനങ്ങളും മോഷ്ടിക്കുകയും ചെയ്തു.

അക്രമികള്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിനും ജാതിപ്പേര്‌ വിളിച്ചാക്ഷേപിച്ചതിനും കേസെടുക്കണമെന്നും എ.ബി.വി.പി. ആവശ്യപ്പെട്ടു.

2.ചിറ്റൂരില്‍ എസ്‌.എഫ്‌.ഐ.-എ.ബി.വി.പി. സംഘട്ടനം; മൂന്നുപേര്‍ക്ക്‌ പരിക്ക്‌

ചിറ്റൂര്‍: പ്രതിഷേധപ്രകടനത്തിനിടെ അണിക്കോട്‌ ജങ്‌ഷനില്‍ എസ്‌.എഫ്‌.ഐ.-എ.ബി.വി.പി. പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന്‌ വിദ്യാര്‍ഥികള്‍ക്ക്‌ പരിക്കേറ്റു. ചിറ്റൂര്‍ കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥികളായ കെ. റിനിഷ്‌, എം. വിനോദ്‌, ആര്‍. ഇളങ്കോവന്‍ എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. ഇവര്‍ എ.ബി.വി.പി. പ്രവര്‍ത്തകരാണ്‌. ഇവരെ ജില്ലാ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്‌ച ഉച്ചയ്‌ക്ക്‌ 12.45 ഓടെയാണ്‌ സംഭവം. ബുധനാഴ്‌ച പാലക്കാട്ട്‌ എസ്‌.എഫ്‌.ഐ.-എ.ബി.വി.പി. പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ പഠിപ്പുമുടക്ക്‌ ആഹ്വാനത്തെത്തുടര്‍ന്ന്‌ ഇരുകൂട്ടരും കോളേജില്‍നിന്ന്‌ സംഘടിച്ച്‌ ടൗണില്‍ പ്രകടനം നടത്തി തിരിച്ചുപോകുമ്പോള്‍ അണിക്കോട്‌ ജങ്‌ഷനില്‍ ഏറ്റുമുട്ടുകയായിരുന്നു.

===================================
17/08/08
===================================

(1) ബി.ജെ.പി. - ഡി.വൈ.എഫ്.ഐ സംഘട്ടനം

കാഞ്ഞങ്ങാട്: പുല്ലൂരിനടുത്തു കൊളോത്തും പോള്ളക്കടയിലും ബി.ജെ.പി. - ഡി.വൈ.എഫ്.ഐ സംഘര്‍ഷം.
സ്വാതന്ത്ര്യ സംരക്ഷണ റാലി കഴിഞ്ഞു മടങ്ങിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.
കോളോത്തും ബി.ജെ.പി ഓഫീസിനു നേരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കല്ലേറ് നടത്തി.

===================================
18/08/08
===================================

(1) എം.എസ്‌.എഫ്‌. പ്രവര്‍ത്തകനെ ആക്രമിച്ചു
തളിപ്പറമ്പ്‌: സര്‍ സയ്യിദ്‌ കോളേജ്‌ യൂണിറ്റ്‌ എം.എസ്‌.എഫ്‌. ഭാരവാഹിയും പരിയാരം പഞ്ചായത്ത്‌ എം.എസ്‌.എഫ്‌. സെക്രട്ടറിയുമായ ഇരിങ്ങല്‍ തൂക്കുപാലത്തിനടുത്തെ നരിക്കോടന്‍ ഷംസുദ്ദീനെ ശനിയാഴ്‌ച രാത്രി മോട്ടോര്‍ സൈക്കിളില്‍ യാത്രചെയ്യുമ്പോള്‍ ഡി.വൈ.എഫ്.ഐ പ്രവത്തകര്‍ ആക്രമിച്ചു.. കുറ്റ്യേരിക്കടവ്‌ റോഡ്‌ വളവിലായിരുന്നു സംഭവം. സാരമായി പരിക്കേറ്റ ഷംസുദ്ദീനെ മംഗലാപുരം യൂണിറ്റി ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു. വലതു കാല്‍ എല്ല്‌ പൊട്ടിയിട്ടുണ്ട്‌.

(2) ആരാമ്പ്രത്ത്‌ സമാധാനം പുനഃസ്ഥാപിക്കാന്‍ ധാരണയായി

കൊടുവള്ളി: സ്വാതന്ത്ര്യദിനത്തില്‍ ഡി.വൈ.എഫ്‌.ഐ.-മുസ്‌ലിം യൂത്ത്‌ ലീഗ്‌ പ്രവര്‍ത്തകര്‍ സംഘര്‍ഷത്തിലേര്‍പ്പെട്ട ആരാമ്പ്രത്ത്‌ സമാധാനം പുനഃസ്ഥാപിക്കാന്‍ ധാരണയായി.
ആരാമ്പ്രത്ത്‌ സ്വാതന്ത്ര്യദിനത്തില്‍ ഡി.വൈ.എഫ്‌.ഐ. നടത്തിയ സ്വാതന്ത്ര്യസംരക്ഷണറാലിയുടെ നഗറിനു സമീപം യൂത്ത്‌ ലീഗ്‌ പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഫ്‌ളക്‌സ്‌ ബോര്‍ഡ്‌ ചിലര്‍ കീറിയതിനെ തുടര്‍ന്നാണ്‌ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്‌. പോലീസും നേതാക്കളും ഇടപെട്ടാണ്‌ രംഗം ശാന്തമാക്കിയത്‌. എന്നാല്‍, ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകരെ കയ്യേറ്റത്തിനു ശ്രമിച്ചെന്നാരോപിച്ച്‌ വീണ്ടും സംഘര്‍ഷമുണ്ടായി. തുടര്‍ന്ന്‌ കൂടുതല്‍ പോലീസ്‌ സ്ഥലത്ത്‌ ക്യാമ്പ്‌ ചെയ്‌തു.
(3) പ്രതിനിധികള്‍ തമ്മിലടിച്ചു; ഡി.വൈ.എഫ്‌.ഐ സമ്മേളനം നിര്‍ത്തി

കോവളം: ഡി.വൈ.എഫ്‌.ഐ വിഴിഞ്ഞം ലോക്കല്‍ സമ്മേളനം പ്രതിനിധികള്‍ തമ്മിലടിച്ചതിനെത്തുടര്‍ന്ന്‌ നിര്‍ത്തിവെച്ചു. മര്‍ദ്ദനമേറ്റ ബ്രാഞ്ച്‌ സെക്രട്ടറി ഭുവനചന്ദ്രന്‍നായരെ വിഴിഞ്ഞം പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. രാവിലെ 10ന്‌ രജിസ്‌ട്രേഷന്‍ സമയത്ത്‌ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ഭുവനചന്ദ്രന്‍ നായരോട്‌ മറ്റൊരു പ്രതിനിധി പ്രകോപനപരമായി സംസാരിക്കുകയും മുതുകില്‍ ഇടിക്കുകയും ചെയ്‌തെന്ന്‌ ഭുവനചന്ദ്രന്‍നായര്‍ പറയുന്നു. വിഴിഞ്ഞം പഞ്ചായത്തില്‍ പ്രസിഡന്റിനെതിരെ അവിശ്വാസം കൊണ്ടുവന്നതുമായി ബന്ധപ്പെട്ട സംസാരമാണ്‌ ചേരിതിരിഞ്ഞ്‌ സംഘര്‍ഷത്തില്‍ കലാശിച്ചത്‌. ഡി.വൈ.എഫ്‌.ഐ ഏര്യാ നേതൃത്വം സമ്മേളനം നിര്‍ത്തിവെച്ചതായി അറിയിച്ചു.

===================================
19/08/08
===================================

(1) മുഖംമൂടി ആക്രമണത്തിനു പിന്നില്‍ ഡി.വൈ.എഫ്.ഐ

ബാലുശ്ശേരി: അറപീടിക ചന്തംകണ്ടി കാദറിന്റെ വീടില്‍ കയറി ഭാര്യ സഫിയ, മാതാവ് സൈനബ എന്നിവരെ മുഖംമൂടി ധരിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി.

ബൈക്കിലെത്തിയ സംഘം കണ്ണില്‍ കണ്ടതെല്ലാം അടിച്ചുതകര്‍ക്കുകയായിരുന്നു. പൈപ്പുകള്‍, വീട്ടുമുറ്റത്തെ കൊടിമരം, സ്വിച്ച് ബോര്‍ഡ് എന്നിവ പൂര്‍ണമായും തകര്ന്നു.

===================================
20/08/08
===================================

(1) പണിമുടക്കില്‍ വ്യാപക അക്രമം
കോഴിക്കോട്‌: ഇടതുപക്ഷ ട്രേഡ്‌ യൂണിയനുകള്‍ ആഹ്വാനം ചെയ്‌ത ദേശീയ പണിമുടക്കില്‍ വ്യാപകമായ അക്രമം.

പൊതുജനത്തിന്റെ സഞ്ചാരസ്വാതന്ത്യം തടസപ്പെടുത്തിക്കൊണ്ട്‌ നടന്ന പണിമുടക്കില്‍ ഇത്തവണ ഇരുചക്രവാഹനങ്ങളേയും സമരക്കാര്‍ വെറുതെവിട്ടില്ല. പോലീസ്‌ സംവിധാനങ്ങള്‍ പലയിടത്തും നോക്കുകുത്തിയായി.

മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും അക്രമമുണ്ടായി. പോലീസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു പലയിടത്തും അക്രമങ്ങള്‍. ചരക്കുലോറികള്‍ക്കുനേരെയും ആംബുലന്‍സുകള്‍ക്കുനേരെയും സമരാനുകൂലികള്‍ അക്രമം അഴിച്ചുവിട്ടു.


(2) കോടതിവരാന്തയില്‍ സി.പി.എം.-ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തുംതള്ളും

തലശ്ശേരി:ജില്ലാ കോടതിവളപ്പില്‍സി.പി.എം.-ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും ഉന്തുംതള്ളും. ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി വരാന്തയിലും മുറ്റത്തുമാണ്‌ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷാവസ്ഥയുണ്ടായത്‌. ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക്‌ രണ്ടുമണിയോടെയാണ്‌ സംഭവം.

റിമാന്‍ഡ്‌ തടവുകാര്‍ കോടതിവളപ്പിലുണ്ടായിരുന്ന സമയത്തായിരുന്നു സംഭവം. മജിസ്‌ട്രേറ്റ്‌ നിര്‍ദേശത്തെ തുടര്‍ന്ന്‌ പോലീസെത്തിയ;ാണ്‌ സ്ഥിതി ശാന്തമാക്കിയത്‌. സി.ഐ. എം.വി.സുകുമാരന്റെ നേതൃത്വത്തില്‍ പോലീസിനെ കോടതിപരിസരത്ത്‌ വിന്യസിച്ചു.

കിഴക്കേ പാലയാട്ടെ സന്‍മേഷ്‌ ഉള്‍പ്പെടെ മൂന്ന്‌ ബി.ജെ.പി. പ്രവര്‍ത്തകര്‍ക്ക്‌ മര്‍ദനമേറ്റതായി ബി.ജെ.പി. നേതൃത്വം അറിയിച്ചു.

===================================
21/08/08
===================================

(1) പണിമുടക്ക്‌ ബന്ദായി; മാധ്യമപ്രവര്‍ത്തകരെ കൈയേറ്റംചെയ്‌തു

കണ്ണൂര്‍: ഇടതുപക്ഷ ട്രേഡ്‌ യൂണിയനുകള്‍ ആഹ്വാനംചെയ്‌ത ദേശീയ പണിമുടക്ക്‌ ജില്ലയില്‍ ബന്ദായി മാറി. താഴെചൊവ്വ ദേശീയപാതയില്‍ വാഹനങ്ങള്‍ തടഞ്ഞ സമരാനുകൂലികള്‍ ദൃശ്യ മാധ്യമ പ്രവര്‍ത്തകരെ കൈയേറ്റംചെയ്‌തു. തുറന്ന്‌ പ്രവര്‍ത്തിച്ച താഴെചൊവ്വ പോസ്റ്റ്‌ ഓഫീസിലെത്തിയ സമരാനുകൂലികള്‍ ജീവനക്കാരെ ഇറക്കിവിട്ട്‌ ഓഫീസ്‌ പൂട്ടി. താണ-കക്കാട്‌ റോഡില്‍ കല്ലും തടിയുമിട്ട്‌ ഗതാഗതം തടസ്സപ്പെടുത്തി.

ഉച്ചയ്‌ക്ക്‌ 12.30 ഓടെയാണ്‌ താഴെചൊവ്വയിലെ സംഭവം. ബര്‍ണശേരിയിലെ ഡി.എസ്‌.സി. സെന്ററിലേക്ക്‌ പട്ടാളക്കാര്‍ക്കുള്ള സാധനങ്ങളുമായി പോലീസ്‌ അകമ്പടിയോടെ വന്ന വാഹനവും സമരാനുകൂലികള്‍ തടഞ്ഞു. ഇതേക്കുറിച്ച്‌ അന്വേഷിക്കാന്‍ ഡി.എസ്‌.സി.യില്‍ നിന്നെത്തിയ അധികൃതരെയും തടഞ്ഞു. സംഭവമറിഞ്ഞെത്തി ഇത്‌ ചിത്രീകരിക്കുമ്പോഴാണ്‌ ഏഷ്യാനെറ്റ്‌, ഇന്ത്യാ വിഷന്‍, മനോരമ ന്യൂസ്‌, ജയ്‌ഹിന്ദ്‌ എന്നീ സംഘങ്ങളിലുള്ളവര്‍ കൈയേറ്റത്തിനിരയായത്‌. ഇവരുടെ ക്യാമറ പിടിച്ചുവാങ്ങാനും ശ്രമം നടന്നു. പോലീസ്‌ സ്ഥലത്തുണ്ടായിരുന്നെങ്കിലും തടയാന്‍ ശ്രമിച്ചില്ല. ഡി.എസ്‌.സി. അധികൃതര്‍ പിന്നീട്‌ എസ്‌.പി. എസ്‌.ശ്രീജിത്തിനെ ബന്ധപ്പെട്ട്‌ കൂടുതല്‍ പോലീസ്‌ എത്തിയശേഷമാണ്‌ വാഹനങ്ങള്‍ വിട്ടത്‌.

(2) ആക്രമണത്തില്‍ പ്രതിഷേധിച്ചു

കല്‌പറ്റ: കുപ്പാടി സ്‌കൂളില്‍ അധ്യാപകനെയും വിദ്യാര്‍ഥികളെയും മര്‍ദിച്ചതില്‍ കെ.എ.പി.ടി.യൂണിയന്‍ ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു. കല്‌പറ്റ എല്‍.ഐ.സി. ഓഫീസിലെത്തിയ സമര അനുകൂലികള്‍ രണ്ട്‌ ജീവനക്കാരെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയുംചെയ്‌തു

(3) ദേശീയ പണിമുടക്ക്‌ ഓഫീസുകളിലും ബാങ്കുകളിലും അക്രമം; അഞ്ചു പേര്‍ക്ക്‌ മര്‍ദനം

കല്‌പറ്റ: പണിമുടക്ക്‌ അനുകൂലികള്‍ ജില്ലയില്‍ വ്യാപകമായി അക്രമം നടത്തി. മര്‍ദനത്തില്‍ അഞ്ചു പേര്‍ക്ക്‌ പരിക്കേറ്റു. ഓഫീസുകളും ബാങ്കുകളും കൈയേറി ഫയലുകളും മറ്റും നശിപ്പിക്കുകയും ജീവനക്കാരെ കൈയേറ്റം ചെയ്യുകയും ചെയ്‌തു. ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിച്ചവരെയും വെറുതെ വിട്ടില്ല.

തുറന്നുപ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ പ്രകടനമായെത്തിയ സമരാനുകൂലികള്‍ നിര്‍ബന്ധപൂര്‍വം അടപ്പിച്ചു. ഇതിനിടെയുണ്ടായ സംഘര്‍ഷത്തിലാണ്‌ പത്രലേഖകനടക്കം അഞ്ചു പേര്‍ക്ക്‌ മര്‍ദനമേറ്റത്‌.

(4) ബൈക്ക്‌ യാത്രക്കാരനെ ചവിട്ടി വീഴ്‌ത്തി

കോഴിക്കോട്‌: സഞ്ചാരസ്വാതന്ത്ര്യത്തെപ്പോലും നിഷേധിച്ചുകൊണ്ട്‌ നടന്ന പണിമുടക്കില്‍ ബൈക്ക്‌ യാത്രക്കാരനെ സമരാനുകൂലികള്‍ ചവിട്ടി വീഴ്‌ത്തി.

പരിചയക്കാരന്റെ സ്‌കൂട്ടറില്‍ ലിഫ്‌റ്റ്‌ ചോദിച്ചു കയറിയ മെഡിക്കല്‍ കോളേജ്‌ ചിന്നന്‍നായര്‍ റോഡില്‍ 'ഗോപിക'യില്‍ എ. സുരേഷിനെ (45)യാണ്‌ ഹര്‍ത്താലനുകൂലികള്‍ ചവിട്ടിവീഴ്‌ത്തിയത്‌. തൊണ്ടയാട്‌ ജങ്‌ഷനുസമീപത്തുവെച്ച്‌ ബുധനാഴ്‌ച രാവിലെയായിരുന്നു സംഭവം. പോലീസ്‌ നോക്കിനി'േയാണ്‌ അക്രമമുണ്ടായത്‌.

പ്രമേഹ രോഗചികിത്സയ്‌ക്കായി ഏറെ അവധിയെടുത്ത സുരേഷ്‌, അവധി നഷ്ടപ്പെടാതിരിക്കാനാണ്‌ ജോലിക്കുപോയത്‌. സൗത്ത്‌ മലബാര്‍ ഗ്രാമീണ്‍ ബാങ്കിന്റെ ഏരിയാ ഓഫീസിലെ പ്യൂണാണ്‌ സുരേഷ്‌. റോഡില്‍ തെറിച്ചുവീണ സുരേഷിന്റെ താടിക്കും നെറ്റിക്കും പരിക്കേറ്റു. മെഡിക്കല്‍ കോളേജ്‌ ആസ്‌പത്രിയില്‍ ചികിത്സയിലാണ്‌.

(5) മെഡിക്കല്‍കോളേജിലേക്കുള്ള ഓക്‌സിജന്‍ സിലിണ്ടറുകള്‍ തടഞ്ഞു

കോഴിക്കോട്‌: മെഡിക്കല്‍കോളേജ്‌ ആസ്‌പത്രിയിലേക്ക്‌ കൊണ്ടുവന്ന ഓക്‌സിജന്‍ സിലിണ്ടറുകള്‍ സമരാനുകൂലികള്‍ തടഞ്ഞു.

ചൊവ്വാഴ്‌ച അര്‍ധരാത്രിയാണ്‌ ഓക്‌സിജന്‍ സിലിണ്ടറുകള്‍ കയറ്റിക്കൊണ്ടുവന്ന ലോറി തടഞ്ഞത്‌. ഇതുമൂലം രാവിലെ മണിക്കൂറുകളോളം രോഗികള്‍ വലഞ്ഞു. ഉച്ചയോടെ ആംബുലന്‍സില്‍ സിലിണ്ടറുകള്‍ കൊണ്ടുവന്നാണ്‌ പ്രശ്‌നം പരിഹരിച്ചത്‌.

(6) ഒപ്പിടാനെത്തിയ കണ്ടക്ടര്‍മാരെ മര്‍ദിച്ചു

കോഴിക്കോട്‌: പണിമുടക്ക്‌ ദിനത്തില്‍ ഒപ്പിടാനെത്തിയ കെ.എസ്‌.ആര്‍.ടി.സി. കണ്ടക്ടര്‍മാരെ ഡ്രൈവര്‍ മര്‍ദിച്ചു. ബുധനാഴ്‌ച രാവിലെ ട്രാന്‍സ്‌പോര്‍ട്ട്‌ സ്റ്റാന്‍ഡില്‍വെച്ചായിരുന്നു സംഭവം.

ഒപ്പിട്ട്‌ ജോലിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച രണ്ടു കണ്ടക്ടര്‍മാരെയാണ്‌ പോലീസുകാരും മറ്റു ജീവനക്കാരും നോക്കിനില്‍ക്കെ മര്‍ദിച്ചത്‌. മര്‍ദിച്ച ഡ്രൈവറെ പോലീസ്‌ പിടികൂടിയെങ്കിലും സ്ഥലത്തുണ്ടായിരുന്ന ചില യൂണിയന്‍ നേതാക്കളെത്തി മോചിപ്പിച്ചു.

(7) തിരുവല്ലയില്‍ ട്രെയിന്‍ തടഞ്ഞിട്ടത്‌ രണ്ടുമണിക്കൂര്‍ ബാങ്കുകള്‍ക്കുനേരെ ആക്രമണം ശബരിമലതീര്‍ത്ഥാടകര്‍ക്കും ദുരിതം

പത്തനംതിട്ട: ഇടതുപക്ഷ ട്രേഡ്‌ യൂണിയനുകള്‍ ആഹ്വാനംചെയ്‌ത 24 മണിക്കൂര്‍ പൊതുപണിമുടക്ക്‌ ജില്ലയില്‍ പൂര്‍ണം. പണിമുടക്കനുകൂലികള്‍ സീതത്തോട്ടിലും പത്തനംതിട്ടയിലും തിരുവല്ലയിലും ബാങ്കുകള്‍ക്കുനേരെ അക്രമം നടത്തി. ഇരവിപേരൂരില്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തു. കെ.എസ്‌.ആര്‍.ടി.സി. ബസ്സുകള്‍ സര്‍വ്വീസ്‌ നടത്താതിരുന്നതിനാല്‍ ശബരിമലതീര്‍ത്ഥാടകര്‍ വലഞ്ഞു. തിരുവല്ലയില്‍ മണിക്കൂറുകളോളം ട്രെയിനുകള്‍ തടഞ്ഞിട്ടു.

ജില്ലാ ആസ്ഥാനമുള്‍പ്പെടെ പല പ്രധാന കേന്ദ്രങ്ങളിലും പണിമുടക്ക്‌ ബന്ദിന്റെ പ്രതീതിയുണ്ടാക്കി. കടകളും സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ഇരുചക്രവാഹനങ്ങള്‍പോലും നിരത്തിലിറങ്ങിയില്ല. പത്തനംതിട്ട എസ്‌.ബി.ഐ. ശാഖയ്‌ക്കും എ.ടി.എം. സെന്ററിനും നേര്‍ക്ക്‌ കല്ലേറുണ്ടായി. ചില്ലുകള്‍ തകര്‍ന്നു.

പമ്പയില്‍നിന്ന്‌ ശബരിമല ദര്‍ശനത്തിനുശേഷം ജീപ്പിലുംമറ്റും പത്തനംതിട്ട കെ.എസ്‌.ആര്‍.ടി.സി. ബസ്‌ സ്റ്റാന്‍ഡിലെത്തിയ അയ്യപ്പന്മാരുടെ സംഘം തിരികെപ്പോകാനാകാതെ ബുദ്ധിമുട്ടി. ജീവനക്കാര്‍ ആരും എത്താതിരുന്നതിനെത്തുടര്‍ന്ന്‌ കെ.എസ്‌.ആര്‍.ടി.സി.ക്ക്‌ സര്‍വ്വീസ്‌ നടത്താനായില്ല.


എസ്‌.ബി.ഐ. തിരുവല്ല ശാഖയില്‍തള്ളിക്കയറിയ പ്രവര്‍ത്തകര്‍ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു. ഇവിടെയുണ്ടായിരുന്ന പൂച്ചെട്ടികള്‍ ഉടയ്‌ക്കുകയും ഇരുചക്രവാഹനങ്ങളുടെ ടയറിലെ കാറ്റ്‌ കുത്തിവിടുകയും ചെയ്‌തു.

ഉച്ചയ്‌ക്ക്‌ ഒരുമണിയോടെ ഇരവിപേരൂരിലെ അശ്വതി ഹോട്ടല്‍ ഒരുസംഘം അടിച്ചുതകര്‍ത്തു. 30ഓളം പേരാണ്‌ അക്രമം കാട്ടിയത്‌. ഹോട്ടലിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാനും തകര്‍ത്തു.

പ്രധാന റോഡുകളിലെല്ലാം പ്രവര്‍ത്തകര്‍ ചെറിയ സംഘങ്ങളായി നിലയുറപ്പിച്ച്‌ വാഹനങ്ങള്‍ തടയുന്നുണ്ടായിരുന്നു. സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിച്ചില്ല.


(8) പണിമുടക്ക്‌ പൂര്‍ണം; കന്യാകുളങ്ങരയില്‍ സംഘര്‍ഷം

വെമ്പായം: ഇടതുപക്ഷ തൊഴിലാളിയൂണിയനുകളുടെ പണിമുടക്കിനെ തുടര്‍ന്ന്‌ വെമ്പായത്തും പരിസരത്തുമുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ അടഞ്ഞുകിടന്നു. കന്യാകുളങ്ങര ഗവണ്മെന്റ്‌ ഗേള്‍സ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു മുന്നില്‍ രാവിലെ ചെറിയതോതില്‍ സംഘര്‍ഷമുണ്ടായി.

സ്‌കൂളിലെത്തി ഒപ്പിട്ടശേഷം മടങ്ങിപ്പോകാന്‍ തയ്യാറായ അധ്യാപകരെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ സ്‌കൂളില്‍നിന്നും പുറത്തിറങ്ങാന്‍ അനുവദിക്കാതെ തടഞ്ഞു. അധ്യാപകരുടെ പക്ഷം ചേര്‍ന്ന്‌ സംസാരിക്കാന്‍ കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ എത്തിയതാണ്‌ സംഘര്‍ഷത്തിനിടയാക്കിയത്‌.

(9) അക്രമത്തില്‍ ബാങ്ക്‌ ജീവനക്കാരന്‌ പരിക്ക്‌

തിരുവനന്തപുരം: പാലോട്‌ എസ്‌.ബി.ടി. തുറക്കാന്‍ ശ്രമിച്ചത്‌ സമരാനുകൂലികള്‍ തടഞ്ഞു. ബാങ്കിന്റെ പ്രധാന കവാടം പൂട്ടുന്നതിനിടെ അക്രമാസക്തരായ സമരാനുകൂലികള്‍ ബാങ്കിലെ ഫീല്‍ഡ്‌ ഓഫീസറായ രവീന്ദ്രനെ മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ രവീന്ദ്രന്റെ കണ്ണിന്‌ പരിക്കേറ്റു. ബാങ്ക്‌ മാനേജരുള്‍പ്പെടെ മറ്റ്‌ മൂന്നുപേര്‍ക്ക്‌ മര്‍ദ്ദനമേറ്റു.

40 പേരുടെ സംഘമാണ്‌ അക്രമം അഴിച്ചുവിട്ടത്‌. പണിമുടക്കിനോടനുബന്ധിച്ച്‌ ജില്ലയിലെ കടകമ്പോളങ്ങളും അടഞ്ഞുകിടന്നു. ചാലക്കമ്പോളത്തില്‍ കടകളൊന്നും തുറന്നില്ല. പാളയം മാര്‍ക്കറ്റില്‍ ചില കടകള്‍ തുറന്നുപ്രവര്‍ത്തിച്ചെങ്കിലും പിന്നീട്‌ ഇവയും സമരാനുകൂലികള്‍ അടപ്പിച്ചു.

ആറ്റിങ്ങലില്‍ ദേശീയപാതയില്‍ ചരക്ക്‌, ടാങ്കര്‍ ലോറികളെ തടഞ്ഞ പണിമുടക്കനുകൂലികള്‍ ഇവയ്‌ക്കുനേരെ കല്ലെറിയാന്‍ ശ്രമിച്ചു. ഓട്ടോ ഡ്രൈവറെ ആറ്റിങ്ങല്‍ നഗരസഭാ ഓഫീസിനു സമീപംവെച്ച്‌ മര്‍ദ്ദിച്ചതായും പരാതിയുണ്ട്‌.


===================================

ആകെത്തുക :- ഈ റിപ്പോർട്ടിനായി കണക്കിലെടുത്ത തുടർച്ചയായ ദിവസങ്ങളുടെ എണ്ണം = ഏഴ്‌

അക്രമവുമായി ബന്ധപ്പെട്ട്‌ കുറഞ്ഞത്‌ ഒരു വാർത്തയെങ്കിലും വന്ന ദിവസങ്ങളുടെ എണ്ണം = ആറ്

ബാക്കി (ഒരു അക്രമവാർത്തപോലും ഇല്ലാതിരുന്ന) ദിവസങ്ങളുടെ എണ്ണം = ഒന്ന് (????????????)

===================================

ആഗസ്ത്‌ അവസാന വാരത്തിലെ അക്രമവാർത്തകളുടെ സംഗ്രഹവുമായി വീണ്ടും അടുത്തയാഴ്ച.










1 comment:

Mr. K# said...

ആദ്യമായാണല്ലോ ഒരു ദിവസം അക്രമങ്ങളൊന്നുമില്ലാതിരിക്കുന്നത്. ഇതാഘോഷിക്കണം. :-)